തൃശൂർ: അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പു വിജ്ഞാപനമിറങ്ങി. ഫെബ്രുവരി 22ന് മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഗവ. യുപി സ്കൂളിലാണു തെരഞ്ഞെടുപ്പു നടക്കുക. കരുവന്നൂർ അഴിമതി കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. ഫെബ്രുവരി ആറിനു രാവിലെ 11മുതൽ ഉച്ചയ്ക്കു ശേഷം രണ്ടുവരെ ബാങ്ക് ഒാഫീസിൽ നാമനിർദേശപത്രിക നേരിട്ടു സമർപ്പിക്കാം.
പിറ്റേന്നു രാവിലെ 11മുതൽ ബാങ്ക് ഒാഫീസിൽ നാമനിർദേശ പത്രികകൾ സുക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. ഒന്പതിനു വൈകീട്ട് അഞ്ചുവരെയാണു പത്രികകൾ പിൻവലിക്കാനുള്ള അവസാനതീയതി.
ബാങ്ക് നടത്തിപ്പിനായി 13 അംഗ ഭരണസമിതിയാണു തെരഞ്ഞെടുക്കുക. ഇതിൽ സഹകരണനിയമപ്രകാരം ഏഴു ജനറൽ, രണ്ടു വനിത, എസ്്സി- എസ്ടി ഒന്ന്, 25,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽനിന്ന് ഒന്ന്, 40 വയസിൽ താഴെയുള്ള പൊതുവിഭാഗങ്ങളിൽനിന്ന് ഒന്ന്, 40 വയസിൽ താഴെയുള്ള വനിതാവിഭാഗങ്ങളിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർപട്ടിക ബാങ്ക് ഒാഫീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ തടസവാദങ്ങളുണ്ടെങ്കിൽ 27ന് അഞ്ചിനുള്ളിൽ സമർപ്പിക്കണം. ലഭിച്ച തടസവാദങ്ങളിൽ. പിറ്റേന്നു രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ബാങ്കിൽവച്ച് പരിശോധന നടത്തും. തുടർന്ന് 30നു രാവിലെ 11ന് ബാങ്ക് ഹെഡ് ഒാഫീസിലെ നോട്ടീസ് ബോർഡിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.